കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം; പ്രിയ വർഗീസിന് ആശ്വാസം

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർഗീസിന് ആശ്വാസം. ആവശ്യമായ അദ്ധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കോടതി വിധിയിൽ പ്രതികരണവുമായി പ്രിയ വർഗീസ് രംഗത്തെത്തി. ഒരു വ്യക്തി എന്ന നിലയിൽ താൻ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള പ്രശ്‌നങ്ങൾക്ക് വേട്ട എന്ന വാക്കാണ് പ്രയോഗിക്കാൻ തോന്നുന്നതെന്നും ഒരുപാട് വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രിയ വ്യക്തമാക്കി. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും പ്രിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അദ്ധ്യാപനം എന്നത് ക്ലാസ് മുറികൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. കോളേജ് യൂണിയനുകളുടെ മുഴുവൻ ചുമതലയും വഹിക്കുന്നത് സ്റ്റുഡൻഡ് ഡീൻ അല്ലെങ്കിൽ സ്റ്റുഡൻഡ് സർവീസ് ഡയറക്ടർ എന്ന് ചില സർവകലാശാലകളിൽ വിളിക്കുന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ്. ഇതും നാഷണൽ സർവീസ് സ്‌കീമിലെ പ്രവർത്തനവും അദ്ധ്യാപനത്തിന്റെ ഭാഗമാകില്ലേ എന്നത് ഇനിയെങ്കിലും പരിശോധിക്കണം. പണ്ട് എൻഎസ്എസ് കോ-കരിക്കുലർ ആക്ടിവിറ്റി ആയിരുന്നെങ്കിൽ ഇന്ന് പുതിയ യുജിസി നിയമപ്രകാരം അത് കരിക്കുലത്തിന്റെ ഭാഗമാണ്. ഒരു അദ്ധ്യാപകനല്ലാതെ സർവകലാശാല ഉദ്യോഗസ്ഥർക്ക് അതിന്റെ മേൽനോട്ടം വഹിക്കാനാകുമോയെന്നും പ്രിയ ചോദിക്കുന്നു.