തെരുവുനായ്ക്കളുടെ ദയാവധം; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ്ക്കളുടെ ദയാവധം പരിഗണിക്കാൻ സുപ്രീം കോടതി. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ട സംഘടനകൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജൂലായ് ഏഴിനകം നിലപാട് അറിയിക്കണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ആക്രമണകാരികളായ തെരുവുനായ്ക്കളുടെ ദയാവധത്തിന് അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സമർപ്പിച്ച ഹർജി ഗൗരവമായി പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം.

ജനജീവിതം ഭീതിയിലാഴ്ത്തുന്ന അക്രമകാരികളായ തെരുവുനായ്ക്കളുടെയും പേപ്പട്ടികളുടെയും ദയാവധത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ജില്ലാ പഞ്ചായത്തിനായി സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ജില്ലയിൽ തെരുവുനായകളുടെ ആക്രമണം വർദ്ധിച്ച് വരികയാണെന്ന് ജില്ലാ പഞ്ചായത്ത് കോടതിയെ രേഖാമൂലം അറിയിച്ചു.

കണ്ണൂരിലെ മുഴപ്പിലങ്ങാട് അടുത്തിടെ തെരുവുനായ ആക്രമണത്തിൽ സംസാരശേഷിയില്ലാത്ത പതിനൊന്നു വയസുകാരന് ജീവൻ നഷ്ടമായിരുന്നു. നിഹാൽ നൗഷാദ് എന്ന കുട്ടിയ്ക്കാണ് ജീവൻ നഷ്ടമായത്. മുഴപ്പിലങ്ങാട് മറ്റൊരു കുട്ടിയെയും തെരുവുനായ ആക്രമിച്ചിരുന്നു. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടു നിൽക്കുകയായിരുന്ന ഒമ്പത് വയസുകാരിയെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ഈ സാഹചര്യത്തിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിച്ചത്.