ചെന്നൈ: തമിഴ്നാട്ടിലെ 500 മദ്യശാലകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു. 500 റീട്ടെയിൽ മദ്യശാലകളുടെ പ്രവർത്തനം ജൂൺ 22 വ്യാഴാഴ്ച മുതൽ അവസാനിപ്പിക്കുന്നതായി തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ – ടാസ്മാക് അറിയിച്ചു. ഇഡി കസ്റ്റഡിയിൽ ഉള്ള മുൻ എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഏപ്രിലിൽ തമിഴ്നാട് നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 22 ന് മദ്യശാലകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.
ഏപ്രിൽ 12 ന് സംസ്ഥാന നിയമസഭയിൽ 4829 ചില്ലറ മദ്യവിൽപ്പന ശാലകളിൽ (2023 മാർച്ച് 31 വരെ) 500 കടകൾ അടച്ചുപൂട്ടുമെന്ന് മന്ത്രി സെന്തിൽ ബാലാജി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവിൽ ഏപ്രിൽ 20ന് തന്നെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു. കച്ചവടം കുറവുള്ളവ, ജനവാസ മേഖലകൾ, ക്ഷേത്രങ്ങൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമീപമുള്ള മദ്യശാലകളാണ് ആദ്യഘട്ടത്തിൽ പൂട്ടുക. മധുര മേഖലയിലെ 125 എണ്ണം പൂട്ടുമ്പോൾ അതിൽ 12 എണ്ണം കന്യാകുമാരിയിലും 9 എണ്ണം തേനിയിലുമാണ്. കോയമ്പത്തൂർ മേഖലയിൽ 78 ഷോപ്പുകൾ അടയ്ക്കുന്നതിൽ 20 എണ്ണം കോയമ്പത്തൂരും 3 എണ്ണം നീലഗിരിയിലുമാണുള്ളത്. ചെന്നൈ മേഖലയിൽ 138 എണ്ണം അടയ്ക്കും. സേലം മേഖലയിൽ 59, തിരുച്ചിറപ്പിള്ളി മേഖലയിൽ 100 എന്നിങ്ങനെയാണ് പ്രവർത്തനം അവസാനിപ്പിക്കുന്ന മറ്റ് മദ്യശാലകൾ.

