തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ് എഫ് ഐ മുൻ നേതാവ് നിഖിൽ തോമസിന്റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കി. കേരള സർവകലാശാല നൽകിയ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കിയതായി അധികൃതർ വ്യക്തമാക്കി. അതേസമയം, നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കലിംഗ സർവകലാശാല കേരള സർവകലാശാലയ്ക്ക് ഔദ്യോഗികമായി നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് കലിംഗ സർവകലാശാല കേരള സർവകലാശാല രജിസ്ട്രാറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമക്കോട് കാട്ടിയവരെല്ലാം കുടുങ്ങുമെന്നാണ് കേരള വിസി മോഹൻ കുന്നുമ്മൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നിഖിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിമാക്കിയിട്ടണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം തുടങ്ങിയ കുറ്റങ്ങളാണ് നിഖിലിനെതിരെയുള്ളത്. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ കോളേജ് അധികൃതർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അങ്ങനെയൊരു വിദ്യാർത്ഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നുമാണ് അധികൃതർ പോലീസിനോട് വ്യക്തമാക്കിയത്.

