എഐ ക്യാമറ; ഹൈക്കോടതി ഉത്തരവ് സർക്കാരിനു തിരിച്ചടിയല്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. റോഡ് ക്യാമറയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സർക്കാരിനു തിരിച്ചടിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ കോടതി അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

റോഡ് ക്യാമറകളുടെ പ്രവർത്തനം നിർത്തിവയ്ക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അഭിഭാഷകരുടെ പ്രധാന ആവശ്യം. എന്നാൽ, ആ ആവശ്യം കോടതി അംഗീകരിച്ചില്ല. റോഡ് ക്യാമറയുടെ പ്രവർത്തനം തടസ്സപ്പെടുന്ന ഒരു ഉത്തരവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതുവരെ കെൽട്രോണിനു സർക്കാർ ഒരു രൂപപോലും കൊടുത്തിട്ടില്ല. സമഗ്രമായ കരാർ ഒപ്പിട്ട ശേഷം മൂന്നു മാസത്തിനുശേഷമേ കെൽട്രോണിന് ആദ്യ ഗഡു കൈമാറൂ. മൂന്നാഴ്ച കഴിഞ്ഞാണ് ഹൈക്കോടതിയിലെ കേസ് വച്ചിരിക്കുന്നത്. അതിനിടയ്ക്ക് കെൽട്രോണിനു പണം കൊടുക്കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

മന്ത്രിസഭയാണ് റോഡ് ക്യാമറയുമായി ബന്ധപ്പെട്ട് സമഗ്രമായ കരാർ ഉണ്ടാക്കാൻ തീരുമാനിച്ചത്. കരാർ ഉണ്ടാകാൻ പോകുന്നതേയുള്ളൂവെന്നും ഉണ്ടാകാത്ത കരാറിനെക്കുറിച്ച് എങ്ങനെയാണ് സർക്കാർ പരിശോധിക്കുന്നതെന്നും ആന്റണി രാജു ചോദിക്കുന്നു.