തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മോൻസൻ മാവുങ്കൽ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ എം വി ഗോവിന്ദൻ നടത്തിയ ആരോപണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് മുഖ്യമന്ത്രിയുള്ളപ്പോഴും എം വി ഗോവിന്ദൻ ആഭ്യന്തരമന്ത്രി ചമയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സുധാകരനെതിരായ ആരോപണത്തിൽ വാർത്ത പ്രചരിപ്പിച്ച ദേശാഭിമാനിയ്ക്കും എം.വി. ഗോവിന്ദനുമെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അവിടെയുണ്ടായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകിയെന്ന് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും ഇതേ വാർത്തയിലെ ആരോപണം ആവർത്തിച്ചു. ഇത്തരത്തിൽ ഒരു മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ചിൽ നിന്നും തനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരിനെങ്കിലും ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് മുഖ്യമന്ത്രിയുള്ളപ്പോൾ ആഭ്യന്തരമന്ത്രി ചമയുകയും സൂപ്പർ ഡി.ജി.പി കളിക്കകയും ചെയ്യുകയാണ് എം.വി ഗോവിന്ദനെന്ന് അദ്ദേഹം പരിഹസിച്ചു.
ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചെയ്യുന്നത് എം.വി ഗോവിന്ദനോടാണോ. പൊലീസിന് നൽകിയ മൊഴിയിലോ മജിസ്‌ട്രേറ്റിന് കൊടുത്ത 164 മൊഴിയിലോ പെൺകുട്ടി ഇത്തരമൊരു ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദേശാഭിമാനിയും എം.വി ഗോവിന്ദനും പച്ചക്കള്ളമാണ് പറഞ്ഞത്. ഈ സാഹചര്യത്തിൽ കെ. സുധാകരനെതിരെ വൃത്തികെട്ട ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും അത് ആവർത്തിച്ച എം.വി ഗോവിന്ദനും എതിരെ കേസെടുക്കണം. സർക്കാർ അതിന് തയാറായില്ലെങ്കിൽ കോൺഗ്രസ് നിയമപരമായ നടപടി സ്വീകരിക്കും. പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടത്തുന്നുണ്ട്. ആ ഗൂഢാലോചനയ്ക്ക് പാർട്ടിയും എം.വി ഗോവിന്ദനും കൂട്ട് നിൽക്കുകയാണ്. ഇതുപോലെയാണ് ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തിയത്. എന്ത് അസംബന്ധവും വിളിച്ച് പറയാമെന്നാണോ? ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് ദേശാഭിമാനിക്കും എം.വി ഗോവിന്ദനും എതിരെ കേസെടുക്കണം. ഡൽഹിയിലെ മോദിയും സംഘപരിവാറും പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും സ്വീകരിക്കുന്ന അതേ സമീപനമാണ് പിണറായി സർക്കാരും കേരളത്തിൽ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

