കൊച്ചി: എ ഐ ക്യാമറ പ്രവർത്തനത്തിന് സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പ്രതിപക്ഷം. എ ഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം ഹൈക്കോടതിയിൽ ഹർജി നൽകിയത്. പതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ഹർജി സമർപ്പിച്ചത്. പദ്ധതിയിൽ അഴിമതി ഉണ്ടെന്നും അതുകൊണ്ടുതന്നെ ഐ ഐ ക്യാമറയുടെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പറയുന്നു.
ഭരണ സംവിധാനത്തിലെ ഉന്നതർക്ക് എഐ ക്യാമറ അഴിമതിയിൽ പങ്കുണ്ട്. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണം. വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടു വെയ്ക്കുന്നു.
എ ഐ ക്യാമറക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് പ്രതിപക്ഷം നടത്തുന്നത്. പദ്ധതിയിൽ വലിയ രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

