മലയാള സിനിമാ മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണ് നടൻ പൂജപ്പുര രവിയുടെ വിയോഗം. ഹാസ്യരംഗങ്ങളിൽ തന്റേതായ ശൈലിയിലൂടെ തിളങ്ങിയ നടനാണ് അദ്ദേഹം. അഭിനയിച്ച ഓരോ ചിത്രങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിലെ സ്ഥിരം നാടകവേദിയായ കലാനിലയത്തിലൂടെ ആണ് പൂജപ്പുര രവി സിനിമാ ലോകത്തേക്ക് കടന്നുവന്നത്. കലാനിലയത്തിന്റെ രക്തരക്ഷസ് എന്ന നാടകത്തിലെ ചീനു പട്ടർ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാക്കിയത്. തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന ഹാസ്യപ്രധാനമുള്ള ആ വേഷം അദ്ദേഹം പതിനായിരക്കണക്കിന് വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
കലാനിലയത്തിന്റെ മറ്റ് നാടകങ്ങളിലും അദ്ദേഹം പ്രധാന വേഷത്തിൽ എത്തി. കടമറ്റത്ത് കത്തനാർ, നാരദൻ കേരളത്തിൽ തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
പൂജപ്പുര എന്ന സ്ഥലനാമം രവി എന്ന പേരിന് മുന്നിലായി അദ്ദേഹത്തിന് ലഭിച്ചതും കലാനിലയത്തിലൂടെയാണ്. കലാനിലയത്തിൽ രവി എന്ന പേരുള്ളവർ ഒരുപാട് പേര്‍ ഉണ്ടായിരുന്നു. തുടർന്നാണ് അദ്ദേഹത്തിനെ തിരിച്ചറിയാനായി പൂജപ്പുര രവി എന്ന് വിളിച്ചു തുടങ്ങിയത്.കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്പിന്നീട് അദ്ദേഹം ആ പേര് തന്നെ സിനിമ മേഖലയിലും ഉപയോഗിച്ചു.10 വർഷത്തോളം കലാനിലയത്തിൽ നടനായി തുടർന്നു.
രക്തരക്ഷസ് എന്ന നാടകം കോഴിക്കോട് കളിക്കുമ്പോൾ സിനിമാ സംവിധായകൻ ഹരിഹരനും നിർമ്മാതാവ് പി വി ഗംഗാധരനും കാണാൻ എത്തുമായിരുന്നു. ഇവർക്ക് പൂജപ്പുര രവിയുടെ ഹാസ്യപ്രകടനം ഇഷ്ടമായതോടെയാണ് അദ്ദേഹത്തിന് അമ്മിണി അമ്മാവൻ എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്. ആ സിനിമയിൽ ഒരു ബ്രാഹ്മണന്റെ വേഷമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തിൽ നടി ആയിരുന്നു. മക്കൾ ലക്ഷ്മി, ഹരികുമാർ

