സംസ്ഥാനത്ത് എലിപ്പനി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലെപ്ടോസ്പൈറ ജീനസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്.
രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.
അണുക്കൾ ശരീരത്തിലേയ്ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങാം. ആദ്യത്തെ ലക്ഷണമായി മിക്കതും കാണുന്നത് പനിയായിരിക്കും.
നല്ല ശക്തമായ പനി അനുഭവപ്പെടും. അതുപോലെ ദേഹത്താകമാനം ചൊറിച്ചിലും ചുവന്ന് തുടുത്ത് പാടുകളും കാണപ്പെടുവാനും തുടങ്ങും. ഉദരസംബന്ധമായ പ്രശ്‌നങ്ങളായ വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാറുണ്ട്.
എലിപ്പനി പ്രതിരോധമാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:
- ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്‌സിസൈക്ലിൻ ഗുളിക 200 mg ആഴ്ചയിലൊരിക്കൽ കഴിക്കണം.
- മലിനജലവുമായി സമ്പർക്കം തുടരുന്നത്രയും കാലം ഡോക്‌സിസൈക്ലിൻ പ്രതിരോധം തുടരണം.
- എലിപ്പനി പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം.
- സ്വയം ചികിത്സ ഒഴിവാക്കുക.
- വെള്ളത്തിലോ മലിനജല പരിസരങ്ങളിലോ ഇറങ്ങുന്നവർ കൈയുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്‌ക് എന്നിവ ഉപയോഗിക്കണം.
കെട്ടികിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കുകയും ചെയ്യരുത്.

