തിരുവനന്തപുരം: കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ മണിക്കൂറിൽ 110 കി.മീ വേഗതയിൽ ഇനി കാറോടിക്കാം. കാരോട്- തലപ്പാടി ആറ് വരി പാതയുടെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാവുന്നതോടെയാണ് ഈ വേഗതയിൽ വാഹനമോടിക്കാൻ കഴിയുക. നിലവിൽ കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള ആറുവരിപ്പാതയിലെ പരമാവധി വേഗത 90 കിലോമീറ്ററാണ്. ഇനി ആറര മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് എത്താം.
തലപ്പാടി-കാരോട് ആറുവരി പാത (എൻ.എച്ച് 66) നിർമ്മാണം പൂർത്തിയാകുന്നതോടെ, തെക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കാരോട് മുതൽ വടക്ക് കർണ്ണാടക അതിർത്തിയായ തലപ്പാടി വരെയുള്ള 631.8 കിലോമീറ്റർ ദൂരം സംസ്ഥാനത്തെ അതിവേഗ പാതയായി മാറും. അതോടെ ശരാശരി 100 കിലോമീറ്ററിൽ കാറോടിച്ചാലും 6.32 മണിക്കൂറിൽ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തെത്താൻ കഴിയും. കേരളത്തിലൂടെ കടന്നു പോകുന്ന എട്ടു ദേശീയ പാതകളിലെ വേഗത 90 കി.മീയിൽ നിന്നും 100 ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്.

