കൊച്ചി: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മൊഴി നൽകാൻ പോലീസ് നിർബന്ധിച്ചുവെന്ന് കോടതിയിൽ വ്യക്തമാക്കി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മോൻസൺ മാവുങ്കൽ. പുരാവസ്തു തട്ടിപ്പുകേസിലെ പരാതിക്കാരൻ അനൂപിൽ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന് നൽകാനാണെന്ന് പറയാൻ പോലീസ് പറഞ്ഞതായും മോൻസൻ കോടതിയിൽ വ്യക്തമാക്കി. വീഡിയോ കോൺഫറൻസ് വഴിയാണ് കേസ് കോടതി പരിഗണിച്ചത്.
കെ സുധാകരന്റെ പേര് പറയുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന ആരോപണമാണ് മോൻസൻ ഉയർത്തുന്നത്. പീഡനം നടന്ന സമയത്ത് കെ സുധാകരൻ അവിടെ ഉണ്ടായിരുന്നു എന്ന് മൊഴി നൽകാൻ പോക്സോ കേസിന്റെ അന്വേഷണത്തിനിടയിൽ ആവശ്യപ്പെട്ടുവെന്നാണ് മോൻസൻ വ്യക്തമാക്കുന്നത്. അനൂപിൽ നിന്ന് 25 ലക്ഷം വാങ്ങിയത് സുധാകരനെന്ന് പറയാനും പോലീസ് നിർബന്ധിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടർന്ന് ഇക്കാര്യങ്ങൾ സൂപ്രണ്ട് വഴി എഴുതി നൽകാൻ കോടതി നിർദ്ദേശം നൽകി.
തന്റെ ഭാര്യയെ പറ്റി മോശമായ രീതിയിൽ സംസാരിച്ച. തനിക്ക് ഭക്ഷണം നൽകിയില്ല. സുധാകരനെതിരെ മൊഴി നൽകിയില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും മോൻസൻ കോടതിയോട് വ്യക്തമാക്കി.

