കായംകുളം: എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസ് ബികോം ജയിക്കാതെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എംഎസ്എം കോളേജിൽ എം കോമിന് ചേർന്ന സംഭവത്തിൽ പ്രതികരണവുമായി കോളേജ് മാനേജർ. നിഖിൽ തോമസ് പ്രവേശനം നേടിയത് രാഷ്ട്രീയ ശുപാർശയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, ആരാണ് നിഖിലിന് വേണ്ടി ശുപാർശ ചെയ്തതെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
സർവകലാശാല യോഗ്യതയുണ്ടോയെന്ന് മാത്രമാണ് നോക്കിയത്. പൊളിറ്റിക്കലായിട്ടുള്ള, വേറെ ചില ആളുകളുടെ ശുപാർശയിൽ അഡ്മിഷൻ കൊടുത്തതാണ്. സർവകലാശാല യോഗ്യതയുണ്ടോയെന്ന് നോക്കി. ശുപാർശ ചെയ്തത് ആരാണെന്ന് താൻ പറയുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിക്കുന്നു.
എസ്എഫ്ഐ ജില്ലാക്കമ്മിറ്റി അംഗമായ വിദ്യാർഥിനിയായിരുന്നു നിഖിലിന്റെ ബി.കോം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. മൂന്ന് മാസം മുമ്പ് തന്നെ ഇതുസംബന്ധിച്ച് പാർട്ടിക്ക് പരാതി നൽകിയിരുന്നു.

