ഡൽഹിയിൽ വെടിവെയ്പ്പ്; രണ്ട് സത്രീകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഡൽഹിയിൽ വെടിവെയ്പ്പ്. ആർ കെ പുരത്താണ് വെടിവെപ്പ് ഉണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. രണ്ട് സത്രീകൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ആർ കെ പുരം അംബേദ്കർ കോളനിയിലെ താമസക്കാരായ പിങ്കി, ജ്യോതി എന്നിവരാണ് മരിച്ചത്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. അക്രമികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ഡൽഹി പോലീസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഡൽഹിയിൽ ക്രമസമാധാനം തകർന്നുവെന്നും കേന്ദ്രം കടമ നിർവഹിക്കാതെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.