നടൻ പൂജപ്പുര രവി അന്തരിച്ചു

മറയൂർ: മലയാള ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വസതിയിൽ വെച്ചാണ് അന്ത്യം. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ആദ്യചിത്രം വേലുത്തമ്പി ദളവയായിരുന്നു 2016-ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും വേഷമിട്ടു. രവീന്ദ്രൻ നായർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. നാടക നടൻ ആയിരിക്കെ കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. നാടകമേഖലയിൽ ധാരാളം രവിമാർ ഉള്ളതിനാൽ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേർക്കുകയായിരുന്നു.’കലാനിലയം ഡ്രാമാ വിഷൻ’ നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു.

വലുതും ചെറുതുമായ നിരവധി വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നായാട്ട്, തേനും വയമ്പും, കുയിലിനെ തേടി, ഇതാ ഇന്നുമുതൽ, രാക്കുയിലിൻ രാഗസദസിൽ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ദ കാർ, കിഴക്കൻ പത്രോസ്, ആയിരപ്പറ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.