മണിപ്പൂർ കലാപം; പ്രധാനമന്ത്രിയുടെ മൗനം ചോദ്യംചെയ്ത് പ്രതിപക്ഷം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. മണിപ്പുർ കലാപം നേരിടുന്നതിൽ കേന്ദ്രസർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം വിമർശിച്ചു. പത്ത് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിയെ കാണാൻ സമയം തേടിയെങ്കിലും അനുവാദം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയത്.

മണിപ്പുരിൽ നിന്നുള്ള പത്ത് പാർട്ടികളുടെ നേതാക്കൾ എ.ഐ.സി.സി. ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയിരുന്നു. ജൂൺ പത്തുമുതൽ പത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ പ്രധാനമന്ത്രിയെക്കാണാൻ കാത്തിരിക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേഷ് വ്യക്തമാക്കി. അന്ന് തന്നെ ഇവർ കത്തയച്ച് സമയം തേടിയിരുന്നു. എന്നാൽ, ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്. ജൂൺ 20-ന് വിദേശപര്യടനത്തിന് പോകുന്നതിന് മുമ്പെങ്കിലും പ്രതിപക്ഷനേതാക്കളെ കാണാൻ പ്രധാനമന്ത്രി സമയം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങും പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു. മണിപ്പുരിലെ സംഘർഷത്തിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രതികരണങ്ങൾക്ക് തയാറാകാത്തതെന്ന് അദ്ദേഹം ചോദിച്ചു. മേയ് മുതൽ മണിപ്പുർ കത്തുകയാണ്. എല്ലായിടത്തും കരച്ചിലും നിലവിളികളും മാത്രമാണ്. സ്ത്രീകളും കുട്ടികളുമടക്കം 20,000 ലേറെ പേർ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നു. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

മണിപ്പുർ ഇന്ത്യയുടെ ഭാഗമല്ലേ. ആണെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രതികരണങ്ങൾക്ക് തയാറാകാത്തത്? രാഷ്ട്രീയ നേട്ടമുണ്ടാക്കാനല്ല തങ്ങൾ ഇവിടെയെത്തിയത്, സമാധാനം തേടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.