തൃശൂർ: പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോയ്ക്ക് റമ്മി കളിച്ച് 75 ലക്ഷത്തോളം രൂപ കടമുണ്ടെന്ന് പൊലീസ് അറിയിച്ചു. റമ്മി കളിച്ചുള്ള കടം തീർക്കാനാണ് പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്ന് പ്രതിയായ ലിജോ പോലീസിനോട് സമ്മതിച്ചു.
കയ്യിൽ പണമില്ലാതെ വന്നതോടെ കൂട്ടുകാരുടെ കൈയ്യിൽ നിന്നും കടം വാങ്ങി ലിജോ റമ്മി കളി തുടർന്നു. എന്നാൽ ആ പണവും നഷ്ടപ്പെട്ടു. 75 ലക്ഷം രൂപയുടെ ബാധ്യത ലിജോയ്ക്ക് ഉണ്ടായി. ഭവന വായ്പ ഇനത്തിൽ 23 ലക്ഷം കടവും ഇദ്ദേഹത്തിനുണ്ട്. വധശ്രമം, കവർച്ചാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ലിജോ ബാങ്കിന് തീവെയ്ക്കാനെത്തിയത്. ബാങ്ക് കൊള്ളയടിക്കാൻ പോകുന്നുവെന്നു പറഞ്ഞ് ജീവനക്കാർക്കുനേരെ പെട്രോളൊഴിച്ച് പരിഭ്രാന്തി പരത്തിയ ലിജോയെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്.

