തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ടി പി വധക്കേസ് നാലാം പ്രതി ടി കെ രജീഷ് കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണത്തണലിലാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇതുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് രജീഷിനെ കണ്ണൂർ സെൻട്രൽ ജയിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. കേരള പൊലീസ് എടുക്കേണ്ട നടപടിയാണ് കർണാടക പൊലീസ് എടുത്തത്. ബോംബുകളും തോക്കുകളും സമാഹരിച്ച് കേരളത്തെ ആയുധപ്പുരയാക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ടിപി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുന്നു. തോക്കുകളും ബോംബുകളും ഉപയോഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ നേരിടാനും ഗുണ്ടകൾക്ക് സ്വർണക്കടത്തും മയക്കുമരുന്ന് ഇടപാടുകളും നടത്താനാണെന്ന് കരുതപ്പെടുന്നു. പിണറായി വിജയൻ അധികാരമേറ്റ ശേഷം ടി.പി വധക്കേസ് പ്രതികൾക്ക് ജയിലിൽ ലഭിച്ച സൗകര്യങ്ങൾ ഞെട്ടിക്കുന്നതാണ്. ഫോൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർക്ക് ജയിലിൽ ലഭിച്ചിട്ടുണ്ട്. കൊടിസുനിയുടെ കൈയിൽ നിന്നും ബ്ലൂടുത്ത് ഹെഡ്സെറ്റ് അടക്കം മൊബൈൽ ഫോൺ പിടികൂടിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നും സുലഭമായി ഇവർക്ക് ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ജയിൽ സൂപ്രണ്ടിന്റെ ഓഫീസ് ജോലികളിൽ സഹായികളായി ഇവരെയാണ് നിയോഗിച്ചിരിക്കുന്നത്. ആഭ്യന്തരവകുപ്പും പൊലീസും നൽകുന്ന റിപ്പോർട്ടുകളുടെ പുറത്ത് ഇവർക്ക് യഥേഷ്ടം പരോൾ ലഭിക്കുന്നു. ജയിലിൽ കിടക്കുമ്പോൾ നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ നിശ്ചിതകാലത്തേക്ക് പരോൾ നൽകരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും ഇവർക്ക് ബാധകമല്ല. കേസിലെ മൂന്നാം പ്രതി കൊടി സുനി ജയിലിലിരുന്നാണ് ക്വട്ടേഷൻ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. രണ്ടാം പ്രതി കിർമാണി മനോജ് വയനാട്ടിലെ ലഹരി പാർട്ടിയിൽ പോലീസ് പിടിയിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അഞ്ചാം പ്രതി ഷാഫിയെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തു. പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും സംരക്ഷണമാണ് ജയിലിൽ അഴിഞ്ഞാടാൻ ഇവർക്ക് സൗകര്യം നൽകുന്നത്. ഇവർക്കെതിരേയുള്ള കേസുകളും മരവിപ്പിച്ചു. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ് ടി പി ചന്ദ്രശേഖരനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ 12 സിപിഎമ്മുകാർ ശിക്ഷിക്കപ്പെട്ടെങ്കിലും ടി പിയെ കൊല്ലാൻ നിർദേശിച്ചവർ ഇപ്പോഴും ഇരുട്ടിന്റെ മറവിലാണ്. അവരെ കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് സർക്കാരിന്റെ ശുപാർശയും പിണറായി സർക്കാർ തള്ളിക്കളഞ്ഞുവെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി.

