2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ്; യുഡിഎഫ് 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യുഡിഎഫ് 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും താനേറ്റെടുക്കും. ഇപ്പോൾ ഒരുപാട് മാറ്റം കോൺഗ്രസിന് ഉണ്ടായിട്ടുണ്ട്. പണ്ട് ഗ്രൂപ്പ് യോഗം ചേർന്നില്ലെങ്കിൽ ചില നേതാക്കൾക്ക് ഉറക്കം വരില്ലായിരുന്നു. ഇന്ന് ആ രീതി ഏറെ മാറി. നേതൃത്വത്തിനെതിരെ മറ്റുള്ള നേതാക്കളിൽ നിന്നും പരാതി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വിശദമാക്കി.

കേരലാ പോലീസിനെതിരെ വി ഡി സതീശൻ വിമർശനം ഉന്നയിക്കുകയും ചെയ്തു. കേരള പോലീസിനെ കൈകാലുകൾ വരിഞ്ഞുകെട്ടി ലോക്കപ്പിൽ കിടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒരു സംഘം ഹൈജാക് ചെയ്തിരിക്കുകയാണ്. സിപിഎമ്മിന്റെ അഴിമതി പണം പാർക്ക് ചെയ്യുന്ന സ്ഥലമായി ഊരാളുങ്കൽ സൊസൈറ്റി മാറി. എല്ലാ പണവും പോകുന്നത് അഴിമതിപ്പെട്ടി ഇരിക്കുന്ന സ്ഥലത്തേക്കാണ്. എല്ലാ പ്രവർത്തികളും ഇനി ഊരാളുങ്കൽ സൊസൈറ്റിക്കാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.