കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം രാജ്യത്തെ മുന്നോട്ടു നയിക്കാൻ വേണ്ടി; മോദി നടപ്പിലാക്കിയത് വികസനത്തിന്റെ രാഷ്ട്രീയമെന്ന് പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങളെ ഉയർത്തിക്കാട്ടി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം രാജ്യത്തെ മുന്നോട്ടു നയിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഒൻപതുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരിൽ ഒരാൾക്കെതിരെ പോലും അഴിമതിയാരോപണം ഉയർന്നിട്ടില്ല. കുടുംബ വാഴ്ചയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ജനങ്ങൾ വിശ്വസിക്കുന്നു. സംസ്ഥാനങ്ങളോടോ മതങ്ങളോടോ വിവേചനമില്ല. ദരിദ്രരിൽ ദരിദ്രരുടെ സംരക്ഷണം മോദി സർക്കാർ ഏറ്റെടുത്തുവെന്നും അവരെ ശാക്തീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി നടപ്പിലാക്കിയത് വികസനത്തിന്റെ രാഷ്ട്രീയമാണ്. നല്ല ഭരണവും നല്ല നേതൃത്വവും മോദി സർക്കാർ നൽകി. കഴിഞ്ഞ ഒൻപതുവർഷങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയത്തിലും സാമ്പത്തികാവസ്ഥയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന കാഴ്ചപ്പാടിലാണു കേന്ദ്രം പ്രവർത്തിച്ചതെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

മോദി സർക്കാർ പ്രവർത്തിച്ചത് വ്യക്തമായ കാഴ്ചപ്പാടോടെയാണ്. സമ്പദ്ഘടനയിൽ പത്താം സ്ഥാനത്തു നിന്നും യുകെയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.