എ ഐ ക്യാമറ, കെ ഫോൺ അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്; ആരോപണവുമായി വി ഡി സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ ഐ. ക്യാമറ, കെ ഫോൺ അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനാലാണ് അമേരിക്കയിലെ ടൈം സ്‌ക്വയർ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിന് മുൻപ് തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹം ആരോപിച്ചു.

ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയ കേസിലാണ് വിജിലൻസ് അന്വേഷണം. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയും ഉണ്ടാക്കിയ കേസാണ്. പത്ത് കോടി രൂപ മോൻസൺ മാവുങ്കലിന് കൊടുത്തെന്നാണ് സിപിഎം പശ്ചാത്തലമുള്ള പരാതിക്കാരൻ പറയുന്നത്. പിന്നീട് 25 ലക്ഷം കൊടുത്തത് സുധാകരന്റെ സാന്നിധ്യവും ഉറപ്പും ഉള്ളതുകൊണ്ടാണെന്നും പറയുന്നുണ്ട്. അപ്പോൾ ആദ്യം പത്ത് കോടി കൊടുത്തത് ആരുടെ ഉറപ്പിലായിരുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു.

പരാതിക്ക് ഒരു യുക്തിയുമില്ല. ഭീഷണിപ്പെടുത്തി മൊഴിയുണ്ടാക്കി സുധാകരനെ പെടുത്താൻ ശ്രമിക്കുകയാണ്. എം.പി. ആയതിനാൽ പബ്ലിക് ഫിനാൻസ് കമ്മിറ്റിൽ ഇടപെടുമെന്ന് സുധാകരൻ ഉറപ്പ് നൽകിയെന്നതിലും യുക്തിയില്ല. ഈ സംഭവം നടന്നെന്ന് പറയുന്ന കാലത്ത് അദ്ദേഹം എം.പിയല്ല. ഇത്രയും പണം നൽകുന്നവർക്ക് സുധാകരൻ എം.പി അല്ലെന്ന് അറിയില്ലായിരുന്നോ. പബ്ലിക് ഫിനാൻസ് കമ്മിറ്റി എന്നൊരു കമ്മിറ്റി പാർലമെന്റിലില്ല. ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് കോൺഗ്രസ് നേതാക്കളെ നിശബ്ദരാക്കി അഴിമതി ആരോപണത്തിൽ നിന്നും മുങ്ങാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. അതുകൊണ്ടാണ് തങ്ങൾ പേടിച്ചു പോയെന്ന് പറയാൻ പറഞ്ഞത്. സർക്കാരിനെതിരായ ബാക്കി ആരോപണങ്ങൾ പിന്നാലെ വരുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

എന്ത് ആരോപണങ്ങൾ വന്നാലും മുഖ്യമന്ത്രി മിണ്ടില്ല. മൗനത്തിന്റെ മാളത്തിൽ ഒളിക്കും. ഇത് ഇരട്ടച്ചങ്കൻ വിജയനല്ല, ആകാശവാണി വിജയനാണ്. റേഡിയോയെ പോലെ ഇങ്ങോട്ട് പറയുന്നത് മറ്റുള്ളവർ കേൾക്കണം. ഒരു ചോദ്യത്തിനും ഉത്തരം പറയില്ല. സ്വർണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും കെ ഫോണിലും അഴിമതി ക്യാമറയിലും ഊരാളുങ്കലിലുമെല്ലാം വഴികളെല്ലാം അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി മുഖ്യമന്ത്രിയുടെ വീട്ടിലാണ് ഇരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.