മോണിറ്റൈസേഷന്‍ പോളിസിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യൂട്യൂബ്

യൂട്യൂബില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടും കൃത്യമായി വരുമാനം ലഭിക്കുന്നില്ലെന്ന പ്രശ്‌നം ഭൂരിഭാഗം കണ്ടന്റ് ക്രിയേറ്റര്‍മാരും നേരത്തെ ഉന്നയിച്ചിരുന്നു. ഇതോടെ, മോണിറ്റൈസേഷന്‍ പോളിസിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രശ്‌ന പരിഹാരം നടത്തിയിരിക്കുകയാണ് യൂട്യൂബ്.

പുതിയ അപ്‌ഡേഷന്‍ അനുസരിച്ച്, ഇനി മുതല്‍ 500 പേര്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്താല്‍ യൂട്യൂബില്‍ നിന്നും പണം ലഭിക്കുന്നതാണ്. ചെറിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് കൂടി അവസരം നല്‍കുക എന്നതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

ചാനലിന് മോണിറ്റൈസേഷന്‍ ലഭിക്കുന്നതിനായി യൂട്യൂബ് നിഷ്‌കര്‍ശിക്കുന്ന സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 500-ലേക്ക് താഴ്ത്തിയതിന് പുറമേ, വാച്ച് അവറിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മോണിറ്റൈസേഷന്‍ നേടാന്‍ ഇനി 3000 വാച്ച് അവര്‍ ലഭിച്ചാല്‍ മതിയാകും. കൂടാതെ, യൂട്യൂബ് ഷോര്‍ട്ട്‌സിന്റെ വ്യൂസ് 10 മില്യണില്‍ നിന്നും 3 മില്യണായും കുറച്ചു. നിലവില്‍, യുകെ, കാനഡ, തായ്വാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളിലേക്കും ഇവ വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന.