ഹേബിയസ് കോര്‍പ്പസ്; ബാലാജിയുടെ ഭാര്യ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ ശക്തിവെല്‍ പിന്മാറി. അതിനിടെ, ബാലാജിയുടെ പിഎ ഗോപാല്‍ രാജിന്റെ വീട് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തു.

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ ഇന്ന് രാവിലെ ഇഡി അറസ്റ്റ് ചെയ്തത്. തമിഴ്നാട് സെക്രട്ടറിയേറ്റില്‍ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ അറസ്റ്റ്. ഇഡിയുടെ നടപടിക്ക് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

അതേസമയം, ബിജെപിയുടെ പ്രതികാര രാഷ്ട്രീയമായാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എതിര്‍ക്കുന്നവരോട് പകപ്പോക്കുകയാണെന്നും പ്രതിപക്ഷത്തെ ഒരാളും ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. ഡിഎംകെക്കെതിരായ നടപടിയെ അപലപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇഡി നീക്കം ബിജെപി നിരാശയിലാണെന്ന് തെളിയിക്കുന്നതാണ് പരിഹസിച്ചു. ജനാധിപത്യത്തിനും ഫെഡറിലസത്തിനും എതിരായ ആക്രമണം ഒന്നിച്ച് പ്രതിരോധിക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.