കൊച്ചി: മൂന്നാറിലെ കെട്ടിട നിർമാണത്തിൽ വിലക്കേർപ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. രണ്ടുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങളുടെ നിർമാണത്തിന് വിലക്കേർപ്പെടുത്തിയാണ് ഉത്തരവ്. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മൂന്നാറിലെ പരിസ്ഥിതി- കെട്ടിട നിർമാണങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ഇതിൽ ചീഫ് ജസ്റ്റിസ് ഇടപെട്ട്, മൂന്നാറിലെ പ്രശ്നങ്ങൾ കേൾക്കാൻ ബെഞ്ച് രൂപീകരിക്കുകയും ചെയ്തു. മൂന്നാറിലെ നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ അമിസ്ക്കസ് ക്യൂറിയേയും കോടതി നിയോഗിച്ചു. അഡ്വ. ഹരീഷ് വാസുദേവനാണ് അമിസ്ക്കസ് ക്യൂറി.
ഒമ്പത് പഞ്ചായത്തുകളെയാണ് കേസിൽ ഹൈക്കോടതി കക്ഷിചേർത്തത്. വയനാട് പോലുള്ള പ്രദേശങ്ങളിൽ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയമങ്ങൾ എന്തുകൊണ്ട് മൂന്നാറിൽ നടപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടർ നൽകിയ റിപ്പോർട്ട് കോടതി വിലയിരുത്തുകയും ചെയ്തു.

