കൊച്ചി: തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ പ്രതിചേർത്ത സംഭവത്തിൽ പ്രതികരണവുമായി മോൻസൻ മാവുങ്കൽ. കെ സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രതി മോൻസൻ മാവുങ്കൽ വ്യക്തമാക്കുന്നത്. കോടതിയിൽ ഹാജരാക്കാൻ വരുന്നതിനിടെയായിരുന്നു മോൻസൻ ഇക്കാര്യം വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാൽ ഡിജിപി വരെ അകത്താകുമെന്നും മോൻസൻ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ കെ സുധാകരനെ പ്രതി ചേർത്തത്. കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരൻ. വഞ്ചനക്കുറ്റമാണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയത്.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സുധാകരന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് അയക്കുകയും ചെയ്തു. മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ കെ സുധാകരനെതിരെ ആരോപണം ഉയർന്നിരുന്നു. മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് സുധാകരൻറെ സാന്നിധ്യത്തിലാണെന്ന് പരാതിക്കാർ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും നേരത്തെ പുറത്തുവന്നിട്ടുണ്ട്.

