എന്തും ചെയ്യാമെന്ന അഹന്ത; സംസ്ഥാന സർക്കാരിന് അധികാരത്തിന്റെ ധാർഷ്ട്യമാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണങ്ങളുടെ ശരശയ്യയിൽ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസെടുത്ത് മനപൂർവമായി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സർക്കാരിന് അധികാരത്തിന്റെ ധാർഷ്ട്യമാണ്. എന്തും ചെയ്യാമെന്ന അഹന്തയാണ്. എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്. ഇതൊന്നും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

കെപിസിസി അധ്യക്ഷനെതിരായ കേസ് കള്ളക്കേസാണ്. കഴിഞ്ഞ ദിവസം തനിക്കെതിരെ കേസെടുത്തു. ഇപ്പോൾ കെപിസിസി അധ്യക്ഷനെതിരെ കേസെടുത്തു. തങ്ങളെല്ലാം പേടിച്ച് പോകുമെന്നാണോ മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. സ്വർണക്കള്ളക്കടത്ത് കേസിൽ അകത്ത് പോകേണ്ടയാളാണ് മുഖ്യമന്ത്രി. ലൈഫ് മിഷൻ കോഴയിൽ പങ്ക് കിട്ടിയ മുഖ്യമന്ത്രി ഒന്നാം പ്രതിയാകേണ്ട ആളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐ ക്യാമറയിലും കെ ഫോണിലും ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്. കോവിഡ് കാലത്തെ മെഡിക്കൽ പർച്ചേസ് കൊളളയിലും കേസില്ല. സ്വന്തക്കാരെ മുഴുവൻ സംരക്ഷിക്കുകയും എതിർ ശബ്ദങ്ങളെ അടിച്ചമർത്തുകയുമാണ് ചെയ്യുന്നതെന്നും വി ഡി സതീശൻ വിമർശിച്ചു.

ഇപ്പോൾ കേരളത്തിൽ നടക്കുന്നത് മാധ്യമവേട്ടയാണ്. വ്യാജ ചെമ്പോല വാർത്തയിൽ ദേശാഭിമാനിക്കെതിരെ കേസെടുത്തിട്ടില്ല. മോൻസന്റെ സിംഹാസനത്തിൽ ഇരുന്നവർക്കെതിരെ കേസെടുത്തിട്ടില്ല. കെ സുധാകരനെതിരെ മാത്രമാണ് കേസെടുത്തത്. ഇതിനെ നിയമപരമായും ജനത്തെ അണിനിരത്തിയും നേരിടുമെന്ന് വി ഡി സതീശൻ മുന്നറിയിപ്പ് നൽകി.