ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിച്ച് കേന്ദ്ര സർക്കാർ. 1.18 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. 59,140 കോടി രൂപയാണ് സാധാരണ പ്രതിമാസ വിഹിതം. ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുക ഇതിന്റെ ഇരട്ടിയാണ്.
മൂലധനച്ചെലവ് വേഗത്തിലാക്കാനും, അവരുടെ വികസനം/ക്ഷേമവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം നൽകാനും, മുൻഗണനാ പദ്ധതികൾ വിഭവങ്ങൾ ലഭ്യമാക്കാനും 2023 ജൂണിൽ ലഭിക്കേണ്ട പതിവ് ഗഡുവിന് പുറമെ ഒരു അഡ്വാൻസ് ഗഡുവും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കേരളത്തിന് 2,277 കോടി രൂപ ലഭിക്കും. സംസ്ഥാനങ്ങളുടെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണനാ പദ്ധതികൾക്കും ഈ പണം വിനിയോഗപ്പെടുത്താം. ആന്ധ്രാപ്രദേശിന് 4,787 കോടി രൂപ, അരുണാചൽ പ്രദേശിന് 2,078 കോടി രൂപ, അസമിന് 3,700 കോടി രൂപ, ബിഹാറിന് 11,897 കോടി രൂപ, ഛത്തീസ്ഗഡിന് 4,030 കോടി രൂപ, ഗോവയ്ക്ക് 457 കോടി രൂപ, ഗുജറാത്തിന് 4,114 കോടി രൂപ, ഹരിയാനയ്ക്ക് 1,293 കോടി രൂപ, ഹിമാചൽ പ്രദേശിന് 982 കോടി രൂപ, ജാർഖണ്ഡിന് 3,912 കോടി രൂപ, കർണാടകയ്ക്ക് 4,314 കോടി രൂപ, മധ്യപ്രദേശിന് 9,285 കോടി രൂപ, മഹാരാഷ്ട്രയ്ക്ക് 7,472 കോടി രൂപ, മണിപ്പുരിന് 847 കോടി രൂപ, മേഘാലയയ്ക്ക് 907 കോടി രൂപ, മിസോറാമിന് 591 കോടി രൂപ, നാഗാലാൻഡിന് 673 കോടി രൂപ, ഒഡീഷയ്ക്ക് 5,356 കോടി രൂപ, പഞ്ചാബിന് 2,137 കോടി രൂപ, രാജസ്ഥാന് 7,128 കോടി രൂപ, സിക്കിമിന് 459 കോടി രൂപ, തമിഴ്‌നാടിന് 4,825 കോടി രൂപ, തെലങ്കാനയ്ക്ക് 2,486 കോടി രൂപ, ത്രിപുരയ്ക്ക് 837 കോടി രൂപ, ഉത്തർപ്രദേശിന് 21,218 കോടി രൂപ, ഉത്തരാഖണ്ഡിന് 1,322 കോടി രൂപ, ബംഗാളിന് 8,898 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾ ലഭിക്കുന്ന വിഹിതം.

