തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വരാതെ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ആർക്കും അവകാശമില്ലെന്ന് നടൻ സലിം കുമാർ. കോടതി പറയാത്ത പക്ഷം ദിലീപ് കുറ്റക്കാരനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സലിം കുമാറിന്റെ പരാമർശം.
ഈ വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് തന്നോട് പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്നു. ദിലീപാണ് ശരിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. കേസിനെക്കുറിച്ച് ദിലീപിനോട് നേരിട്ട് ചോദിച്ചിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. കുട്ടികളെ പിടിച്ച് സത്യം ചെയ്തു. അങ്ങനെയൊക്കെ പറയുമ്പോൾ എങ്ങനെ വിശ്വസിക്കാതിരിക്കാനാണെന്ന് സലിം കുമാർ ചോദിച്ചു. ദിലീപത് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം. തന്റെ വിശ്വാസം ശരിയാകാം, തെറ്റാകാമെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.

