ചെന്നൈ: അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് വ്യക്തമാക്കി തമിഴ്നാട് വനം വകുപ്പ്. കോതയാർ വനമേഖലയിൽ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ തുറന്നു വിട്ടു. കളക്കാട് വന്യജീവി സങ്കേതത്തിനുള്ളിൽ നിന്നുള്ള അരിക്കൊമ്പന്റെ പുതിയ ചിത്രം അധികൃതർ പങ്കുവെച്ചിട്ടുണ്ട്. ആന ആവശ്യത്തിന് ആഹാരവും വെള്ളവും കഴിക്കുന്നുണ്ടെന്നും കളക്കാട്, അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ള വനം വകുപ്പു ജീവനക്കാരും വെറ്ററിനറി ഡോക്ടർമാരും അടങ്ങിയ 6 സംഘങ്ങൾ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും തമിഴ്നാട് അറിയിച്ചു. തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലാ ഭരണകൂടങ്ങളുടെ സഹകരണത്തോടെ പൊതുജനങ്ങൾക്ക് സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
അതേസമയം, പെരിയാർ ടൈഗർ റിസർവ് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ആന്റിനകളിലൊന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷന് കൈമാറാൻ കേരള വനം വകുപ്പ് തീരുമാനിച്ചു. ആന കേരള അതിർത്തിയിലേക്ക് കടക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 20 കിലോമീറ്റർ അകലെ നിന്ന് അരിക്കൊമ്പന്റെ സാന്നിധ്യം റേഡിയോ കോളർ സിഗ്നലിലൂടെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനം ആന്റിനയിലുണ്ട്.
നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമാക്കിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു. നിലവിൽ അരിക്കൊമ്പനുള്ളത് കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ്. ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

