ന്യൂയോർക്ക്: കേരളത്തിൽ സിൽവർലൈൻ പദ്ധതി ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകകേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിവേഗത്തിലോടുന്ന വന്ദേഭാരത് ജനങ്ങളിൽ വലിയ സ്വീകാര്യതയുണ്ടാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്ന വന്ദേഭാരത് ട്രെയിനിന് ലഭിച്ച മികച്ച സ്വീകാര്യത ലഭിച്ചതുവഴി, അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകൾക്ക് മനസ്സിലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ-റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള ശ്രമങ്ങളിലാണ് സർക്കാർ. ഒരു വിഭാഗം അതിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തി. കെ-റെയിലിന് അനുമതി ലഭ്യമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള വിവിധ തരത്തിലുള്ള സമ്മർദങ്ങൾ കേന്ദ്രങ്ങളിലെത്തി. അതിനാൽ കെ-റെയിൽ ഇപ്പോൾ യാഥാർഥ്യമായില്ലെന്നും എന്നാൽ അത് യാഥാർഥ്യമാകുന്ന ഒന്നായിരിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സർവതലസ്പർശിയും സാമൂഹികനീതിയിൽ അമധിഷ്ഠിതവുമായ പൊതുവികസനമാണ് കേരളത്തിനാവശ്യം. ഇതിനായി അമേരിക്കയിലെ പ്രവാസി മലയാളികളുടെ പിന്തുണ മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തി. അതിന് തടസ്സമാകുന്ന വിധത്തിലുള്ള നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിച്ചു. തൊഴിൽരംഗത്തെ പ്രശ്നങ്ങൾ തീർത്തു. നേരത്തേ എല്ലാ ട്രേഡ് യൂണിയനുകളെയും വിളിച്ചുകൂട്ടി നോക്കുകൂലി വാങ്ങുന്ന രീതി അവസാനിപ്പിക്കുകയും നിയമംമൂലം നിരോധിക്കുകയും ചെയ്തു. സംഘടനയുടെ പേരിൽ പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽച്ചെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

