കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂരിലാണ് സംഭവം. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം നിഹാൽ നൗഷാദ് ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയായിരുന്നു നിഹാൽ. കുട്ടിയ്ക്ക് സംസാരശേഷി ഇല്ലായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ ആണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. പിന്നീട് നടത്തിയ പരിശോധനയിൽ വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് പരിശോധന നടത്തിയത്. ചോര വാർന്ന അനക്കമില്ലാത്ത നിലയിലായിരുന്നു കുട്ടി. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ തെരുവുനായ ആക്രമിച്ചപ്പോൾ നിലവിളിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും നായ കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളും ദൃശ്യമാണ്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

