തിരുവനന്തപുരം: പത്രസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഷോയുടെ പരാതി അന്വേഷിക്കും. അതിൽ ആർക്കും പൊള്ളേണ്ടതില്ലെന്നും ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാൽ, അത് ആരെയായാലും അവർക്കെതിരെ കേസെടുക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും പുറത്ത് കൊണ്ടുവരണം. ഈ കേസ് വ്യത്യസ്തമാണ്. മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ല. ഇനിയും കേസെടുക്കും നേരത്തെയും കേസെടുത്തിട്ടുണ്ട്. നാടിന്റെ കണ്ണിലുണ്ണിയായ പി കെ കുഞ്ഞനന്തനെ മാധ്യമങ്ങൾ ഭീകരവാദിയായാണ് ചിത്രീകരിച്ചത്. മാധ്യമങ്ങൾ എന്താണ് ചെയ്തിരുന്നതെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുഞ്ഞനന്തനോടുള്ള സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

