‘ആഭ്യന്തരവകുപ്പ് ഇത്രത്തോളം തരംതാഴരുത്’; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കളുടെ പരീക്ഷാത്തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് നാവടപ്പിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമെന്ന് രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍

‘അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാരിന്റെ അതേ പാതയിലൂടെയാണ് പിണറായി വിജയന്‍ സര്‍ക്കാരും സഞ്ചരിക്കുന്നത്. വിദ്യയെ ഒളിപ്പിച്ച ശേഷം വിദ്യയെ കണ്ടവരുണ്ടോ എന്ന് ചോദിച്ചു നടക്കുകയാണ് പിണറായി വിജയന്റെ പോലീസ്. ആഭ്യന്തരവകുപ്പ് ഇത്രത്തോളം തരംതാഴരുത്. പരീക്ഷ എഴുതാതെ പാസായ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുടെ ഗുതുതരമായ തെറ്റിനെതിരെ നടപടിയെടുക്കാതെ തട്ടിപ്പു കണ്ടുപിടിച്ച് പൊതുസമൂഹത്തെയറിയിച്ച മാധ്യമ പ്രവര്‍ത്തകയുടെ പേരില്‍ കേസെടുത്ത നടപടി അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെയും എസ്. എഫ്.ഐയുടെയും ചട്ടുകമായി പോലീസ് മാറരുത്. അഴിമതിക്കാരെയും കൊള്ള നടത്തുന്നവരെയും ന്യായീകരിക്കാന്‍ വേണ്ടിമാത്രം വാതുറക്കുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാഷ് പതിവുതെറ്റിക്കാതെ പരീക്ഷാത്തട്ടിപ്പുകാരെയും ന്യായീകരിക്കാനെത്തിയത് എത്രമാത്രം തരംതാണ നടപടിയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായീകരിക്കുന്ന ഗോവിന്ദന്‍ മാഷിന്റെ ശൈലി സംഘപരിവാര്‍ ശൈലിയോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. തെറ്റുകള്‍ തിരുത്തി പോകുന്നതിനു പകരം തെറ്റിനെ മറികടക്കുവാന്‍ ഗുരുതരമായ തെറ്റുകളിലേക്ക് സര്‍ക്കാരും സി.പി.എമ്മും നീങ്ങുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണ്. വാര്‍ത്ത പൊതുസമൂഹത്തില്‍ കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്ത സംഭവം പോലീസ് സേനയ്ക്കുതന്നെ അപമാനമാണ്.’