രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം; സച്ചിൻ പൈലറ്റ് പുതിയ പാർട്ടി പ്രഖ്യാപനം നടത്തിയില്ല.

ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസ വാർത്ത. സച്ചിൻ പൈലറ്റിന്റെ അച്ഛൻ രാജേഷ് പൈലറ്റിന്റെ ചരമവാർഷികദിനാചരണ വേദി പുതിയ പാർട്ടി പ്രഖ്യാപന വേദിയാകുമെന്നായിരുന്നു പ്രചാരണം. എന്നാൽ, സച്ചിൻ പൈലറ്റ് പുതിയ പാർട്ടി പ്രഖ്യാപനം നടത്തിയില്ല. തന്റെ ശബ്ദം ദുർബലമല്ലെന്നും നിലപാടുകളിൽ നിന്ന് പിന്നാക്കം പോകില്ലെന്നും സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ചു. അനുനയ നീക്കങ്ങൾ തത്ക്കാലത്തേക്കെങ്കിലും വിജയിച്ചതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡ്.

അഴിമതിയ്ക്കെതിരെയും യുവജനങ്ങൾക്ക് വേണ്ടിയും ഉയർത്തിയ മുദ്രാവാക്യങ്ങൾ ശക്തമായി ഉന്നയിച്ചാണ് സച്ചിൻ പ്രസംഗം നടത്തിയത്. രാജസ്ഥാനിൽ അഴിമതി അവസാനിപ്പിക്കണമെന്ന് സച്ചിൻ പറഞ്ഞു. അഴിമതിയ്ക്കെതിരെ നടപടി സ്വീകരിക്കണം. തന്റെ ലക്ഷ്യം കൃത്യമാണെന്നും ശരിയായ രാഷ്ട്രീയം സാധ്യമാണെന്നും അദ്ദേഹം അറിയിച്ചു.

തന്റെ അച്ഛൻ ആശയങ്ങളിൽ ഒരിക്കലും ഒത്തുതീർപ്പ് വരുത്തിയിട്ടില്ല. അഴിമതിയുമായി താനും സന്ധി ചെയ്യില്ല. പാവപ്പെട്ടവരെ സഹായിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.