കൊച്ചി: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി ഗസ്റ്റ് ലക്ചറർ നിയമനത്തിനായി വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലെ പ്രതി മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. നിരപരാധിയാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് വിദ്യ മുൻകൂർ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല.
നീലേശ്വരം പോലീസും അഗളി പോലീസും വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. പോലീസ് പരിശോധനയ്ക്കെത്തിയപ്പോൾ വിദ്യയുടെ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അടുത്തുള്ള വീട്ടിൽ നിന്നും താക്കോൽ വാങ്ങി അഗളി പൊലീസ് ഒന്നര മണിക്കൂർ നേരം വീട്ടിൽ പരിശോധന നടത്തിയിരുന്നു. അതേസമയം, വിദ്യ ഹോസ്റ്റലിൽ ഒളിച്ചിരിക്കുകയാണെന്നാണ് കെഎസ്യുവിന്റെ ആരോപണം. പൊലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും കെ എസ് യു കുറ്റപ്പെടുത്തി.
ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് വിദ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ജോലി നേടാൻ വ്യാജരേഖ ചമച്ച് അഭിമുഖത്തിന് ഹാജരാക്കിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് അട്ടപ്പാടി ഗവ. കോളേജ്, കാസർഗോഡ് നീലേശ്വരം കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരാണ് പരാതി നൽകിയത്. 2018-19, 2020-21 വർഷങ്ങളിൽ മഹാരാജാസ് കോളേജിലെ ഗസ്റ്റ് അധ്യാപികയായിരുന്നെന്ന വ്യാജ സർട്ടിഫിക്കറ്റാണ് വിദ്യ സമർപ്പിച്ചത്.

