കോൺഗ്രസ് നേതാക്കളാണ് തനിക്കെതിരെ പടയൊരുക്കം നടത്തിയത്; എല്ലാവരും ആത്മപരിശോധന നടത്തട്ടെയെന്ന് വി ഡി സതീശൻ

കൊച്ചി: തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് നേതാക്കളാണ് തനിക്കെതിരെ പടയൊരുക്കം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല. പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. ദേശീയ നേതൃത്വം പരിശോധിക്കട്ടെ. എല്ലാവരും ആത്മപരിശോധന നടത്തട്ടെയെന്നും അദ്ദേഹം അറിയിച്ചു.

പാർലമെന്റ് തെരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓർക്കണം. നടപടി വേണം എന്ന് താൻ പറയുന്നില്ല. കഴിഞ്ഞ രണ്ടുവർഷമായി ഗ്രൂപ്പ് യോഗം ഇല്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ യോഗം വാർത്തയാകുന്നത്. പണ്ട് ദിവസവും ഗ്രൂപ്പ് യോഗം നടന്ന നാടല്ലെ. പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ട, താനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. വിജിലൻസ് കേസിനെ എതിർക്കുന്നില്ല. ധൈര്യമുണ്ടെങ്കിൽ അന്വേഷണം നടത്താൻ താൻ വെല്ലുവിളിച്ചതാണ്. അന്വേഷണം നടക്കട്ടെ. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ നേരത്തെ ബോധ്യപ്പെട്ടതാണെന്നും ഹൈക്കോടതിയും നോട്ടീസ് പോലും അയക്കാതെ തള്ളിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോൾ ഈ കേസ് എന്തിനെന്ന് എല്ലാവർക്കും അറിയാം. മുഖ്യമന്ത്രി ലോകമഹാസഭാ പിരിവിന്റെ പേരിൽ പ്രതിക്കൂട്ടിലാണ്. ഏതന്വേഷണത്തോടും സഹകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ ഫോണിന്റെ കേബിളിന് നിലവാരം കുറവാണെന്ന് പറഞ്ഞത് തങ്ങളല്ല, കെ ഫോണിന്റെ പാർട്ട്ണറായ കെഎസ്ഇബി തന്നെയാണ്. കെ ഫോണിനായി ചൈനീസ് കേബിളാണ് വരുത്തിയതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാകേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ കെ ഫോണിന്റെ എംഡി പറഞ്ഞത് ഗുഡ്ഗാവിൽ നിർമിക്കുന്ന എൽഎസ് കേബിൾസിന്റെയും ചെന്നൈയിൽ നിർമിക്കുന്ന സ്റ്റെറിലൈറ്റ് ടെക്‌നോളജീസ് ലിമിറ്റഡിന്റെയും കേബിളുകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതല്ല കെ ഫോൺ എംഡി പറയുന്നത്. എന്നാൽ പിന്നെ എംഡിയ്ക്കെതിരെ നടപടി എടുക്കൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൈനീസ് കേബിളിന് നിലവാരം കുറവാണോ എന്ന് രാകേഷ് ചോദിച്ചിട്ടുണ്ട്. നിലവാരം കുറഞ്ഞ കേബിളാണ് ഉപയോഗിക്കരുത് എന്ന് തങ്ങളല്ല കെ ഫോണിന്റെ പാർട്ട്ണറായ കെഎസ്ഇബിയാണ് പറഞ്ഞത്. ചൈനീസ് കേബിൾ വരുത്തിയിട്ട് എൽഎസ് കേബിളിന്റെ ലേബൽ ഒട്ടിച്ച് കൊടുക്കുകയാണ്. വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇന്ത്യൻ നിർമിത കേബിൾ തന്നെ ഉപയോഗിക്കണമെന്നുള്ളത് സർക്കാർ തന്നെ വച്ചിരിക്കുന്ന നിബന്ധനയാണ്. എന്നിട്ട് ഇപ്പോഴും ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.