‘ഗ്രൂപ്പ് തര്‍ക്കം നടത്തുന്നവര്‍ ഉമ്മന്‍ ചാണ്ടിയെ അതിലേക്ക് വലിച്ചിഴയ്ക്കരത്’: തിരുവഞ്ചൂര്‍

തിരുവനന്തപുരം: ഗ്രൂപ്പ് തര്‍ക്കം നടത്തുന്നവര്‍ ഉമ്മന്‍ ചാണ്ടിയെ അതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രോഗാവസ്ഥയില്‍ അദ്ദേഹത്തെ വിവാദ നായകനാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണ്. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ പൊതുസ്വത്താണ്’- അദ്ദേഹം പറഞ്ഞു.

അതിനിടെ, കോണ്‍ഗ്രസ് പൂനസംഘടന വിവാദത്തില്‍ എ ഐ ഗ്രൂപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്നു. നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെ യോജിച്ചു നീങ്ങാന്‍ ഗ്രൂപ്പുകള്‍ തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ വി ഡി സതീശന്‍ തയ്യാറാകുന്നില്ലെന്നാണ് ഗ്രൂപ്പുകളുടെ വിമര്‍ശനം. രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍, കെ. സി ജോസഫ് ബെന്നി ബെഹനാന്‍, ജോസഫ് വാഴക്കന്‍, എം കെ രാഘവന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സോളാര്‍ കേസില്‍ സിപിഐ നേതാവ് സി ദിവാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം കാര്യമായി ഏറ്റുപിടിച്ചില്ല. പ്രസ്താവനകള്‍ക്കപ്പുറത്ത് വലിയ ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചയുണ്ടായി. ഇടത് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാവുന്ന അവസരമാണ് കളഞ്ഞതെന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തി.