തിരുവനന്തപുരം: സിപിഐ നേതാവ് സി ദിവാകരനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സോളാർ സമരത്തിൽ ദിവാകരന്റെ ആത്മകഥ (കനൽ വഴികളിലൂടെ) യിലെ വെളിപ്പെടുത്തൽ വിപണന തന്ത്രമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സോളർ സമരം ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവാകരന്റെ അത്തരം പരാമർശങ്ങൾ വാസ്തവവിരുദ്ധമാണ്. വാർത്താ സമ്മേളനത്തിൽ സി ദിവാകരൻ പറഞ്ഞ കാര്യങ്ങളൊന്നും ആത്മകഥയിലില്ല. എഴുതിയതിന്റെ ഉത്തരവാദിത്വം എഴുതിയ ആൾക്ക് മാത്രമാണെന്നും പ്രസാധകർക്കില്ലെന്നും അദ്ദേഹം വിശദമാക്കി.
സോളാർ കമ്മീഷൻ റിപ്പോർട്ട് വായിച്ചു. റിപ്പോർട്ടിലെ എല്ലാം അംഗീകരിക്കാനാകില്ല. കമ്മീഷൻ റിപ്പോർട്ട് പൂർണമായി വായിച്ചു. തള്ളക്കളയേണ്ടതായി പലതുമുണ്ട്. ആവശ്യമുള്ളതും ഇല്ലാത്തതും റിപ്പോർട്ടിൽ എഴുതിവച്ചിട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
എസ്എഫ്‌ഐക്കെതിരെ ഉയർന്ന വ്യാജരേഖ, മാർക്ക് ലിസ്റ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിനും കാനം മറുപടി നൽകി. സർവകലാശാലകളിലെ അട്ടിമറികൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. മുൻപ് കെഎസ്യു നേതാക്കൾക്ക് എതിരെയായിരുന്നു. ഇപ്പോൾ എസ്എഫ്‌ഐ എന്നേയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

