സ്വതന്ത്രമായി നിലനിന്ന് പോകണമെങ്കിൽ കെ-ഫോണിന് പ്രതിവർഷം കണ്ടെത്തേണ്ടത് കോടികളുടെ ബിസിനസ്; കിഫ്ബിയിലെ വായ്പാ തിരിച്ചടവിന് വേണ്ടത് പ്രതിവർഷം 100 കോടി

തിരുവനന്തപുരം: 1500 കോടി മുടക്കിയ പദ്ധതി കെ-ഫോണിന് പ്രതിവർഷം കണ്ടെത്തേണ്ടത് കോടികളുടെ ബിസിനസ്. കെ ഫോണിന് സ്വതന്ത്രമായി നിലനിന്ന് പോകണമെങ്കിൽ പ്രതിവർഷം കോടികളുടെ ബിസിനസ് കണ്ടെത്തേണ്ടതായുണ്ട്. വർഷം 100 കോടി രൂപ കിഫ്ബിയിൽ നിന്ന് എടുത്ത വായ്പാ തിരിച്ചടവിന് മാത്രം വേണ്ടി വരും.

20 ലക്ഷം കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റർനെറ്റ് എത്തിക്കണമെങ്കിൽ നിലവിലെ കണക്കനുസരിച്ച് ഒരുവർഷത്തെ ചെലവ് 750 കോടിയോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. സൗജന്യ സേവനങ്ങൾക്ക് ബജറ്റ് വിഹിതം കിട്ടുമെന്നാണ് കെ ഫോൺ പ്രതീക്ഷിക്കുന്നത്. ആദ്യ വർഷം കെ ഫോൺ പ്രതീക്ഷിക്കുന്നത് ചുരുങ്ങിയത് 200 കോടി രൂപയാണ്. 100 കോടി ഡാർക്ക് ഫൈബർ വാടക ഇനത്തിലും 100 കോടി മറ്റ് ബിസിനുകളിൽ നിന്നും കണ്ടെത്താമെന്നുമെന്നും കെ ഫോൺ അവകാശപ്പെടുന്നു.

കെ ഫോൺ പദ്ധതിയ്ക്ക് കിഫ്ബിയിൽ നിന്നും അനുവദിച്ചത് 1011 കോടിയാണ്. അതിൽ മൂന്ന് വർഷത്തിന് ശേഷം പലിശ സഹിതം തിരിച്ച് നൽകണമെന്ന വ്യവസ്ഥയിൽ കെ ഫോൺ കൈപ്പറ്റിയത് 600 കോടിയാണ്. 100 കോടി വീതമാണ് പ്രതിവർഷ തിരിച്ചടവ് കണക്കാക്കുന്നത്. കെഎസ്ഇബിക്ക് നൽകാനുള്ളതും ഓഫീസ് ചെലവുകളും ചേർത്ത് ചെലവ് പ്രതീക്ഷിക്കുന്നത് 30 കോടി. 363 കോടി രൂപയാണ് ബെൽ കൺസോർഷ്യത്തിന് അറ്റകുറ്റപ്പണി ഇനത്തിൽ ഏഴ് വർഷത്തേക്ക് നൽകേണ്ട തുക. ഇത് കെ ഫോൺ തന്നെ കണ്ടെത്തണമെന്നാണ് സർക്കാർ നിലപാട്.