അരിക്കൊമ്പന്റെ ഭീഷണി നീങ്ങി; തേനി, മേഘമല വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരികൾക്ക് പ്രവേശിക്കാം

തിരുവനന്തപുരം: തേനി, മേഘമല വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. അരിക്കൊമ്പന്റെ ഭീഷണി നീങ്ങിയതോടെയാണ് വിലക്ക് പിൻവലിച്ചത്. തമിഴ്‌നാട് വനം വകുപ്പാണ് വിലക്ക് പിൻവലിച്ച് ഉത്തരവിട്ടത്. അരിക്കൊമ്പൻ ജനവാസമേഖലകളിൽ ഇറങ്ങിയ സാഹചര്യത്തിലായിരുന്നു മേഖലയിൽ വിലക്ക് ഏർപ്പെടുത്തിയത്.

കഴിഞ്ഞ ഒരു മാസത്തോളമായി ഇവിടെ വിലക്കുണ്ടായിരുന്നു. അതേസമയം, അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ തെളിവായി അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയായിരുന്നു വീഡിയോ പങ്കുവച്ചത്. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് വനംവകുപ്പ് അധികൃതർ വിശദമാക്കി.

അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നൽ കിട്ടുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇന്നലെ രാത്രി മുതലാണ് സിഗ്‌നൽ നഷ്ടമായത്. 50 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.ആന ഉൾവനത്തിലേക്ക് കയറിയത് കൊണ്ടാകാം സിഗ്‌നൽ നഷ്ടമായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.