ഹോംവര്‍ക്ക് ചാറ്റ്ജിപിടിയെ ഏല്‍പ്പിച്ചു; വിദ്യാര്‍ഥിക്ക് കിട്ടിയത് എട്ടിന്റെ പണി

തന്റെ ഹോംവര്‍ക്ക് ചാറ്റ്ജിപിടിയെ ഏല്‍പ്പിച്ച വിദ്യാര്‍ഥിക്ക് കിട്ടിയത് എട്ടിന്റെ പണി. ഏഴാം ക്ലാസുകാരനാണ് ഇംഗ്ലീഷ് ടീച്ചര്‍ നല്‍കിയ ഹോംവര്‍ക്ക് ചാറ്റ്ജിപിടി ഉപയോഗിച്ച് ചെയ്തത്. കുട്ടി എ.ഐ ചാറ്റ്‌ബോട്ട് ഉപയോഗിച്ചെന്ന് കണ്ടെത്താന്‍ ടീച്ചറെ സഹായിച്ചത് ഹോംവര്‍ക്കിലെ ഒരു വാചകമായിരുന്നു. ട്വിറ്റര്‍ യൂസര്‍ റോഷന്‍ പട്ടേലാണ് തന്റെ കുഞ്ഞു കസിന്‍ അര്‍ജുന്റെ കഥ പങ്കുവെച്ചത്. ‘എന്റെ ചെറിയ കസിന്‍ അര്‍ജുന്‍ തന്റെ ഏഴാം ക്ലാസിലെ ഇംഗ്ലീഷ് ഹോംവര്‍ക്കിനായി ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിക്കപ്പെട്ടു,’ പട്ടേല്‍ ഹോംവര്‍ക്കിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിച്ചു.

ഒരു പേപ്പറില്‍ എഴുതിയ കുറച്ച് പോയിന്റുകളാണ് ചിത്രം കാണിക്കുന്നത്. എന്നാല്‍, അതില്‍ ഒരു വരി ഹൈലൈറ്റ് ചെയ്തിരിക്കുന്നു, ‘ഒരു എ.ഐ ഭാഷാ മോഡല്‍ എന്ന നിലയില്‍, എനിക്ക് വ്യക്തിപരമായ പ്രതീക്ഷകളോ അഭിപ്രായങ്ങളോ ഇല്ല (‘As an AI language model, I don’t have perosnal expectations or opinions.”).’ ടീച്ചര്‍ നല്‍കിയ ഹോംവര്‍ക്ക് ചാറ്റ്ജിപിടി ഉപയോഗിച്ച് ചെയ്ത ഏഴാം ക്ലാസുകാരന്‍, അത് അപ്പടി പകര്‍ത്തി എഴുതിയപ്പോള്‍ ആ ഒരു ഭാഗം ഒഴിവാക്കാന്‍ മറക്കുകയുമായിരുന്നു.

കൂടാതെ, ഹോംവര്‍ക്കില്‍ വന്ന ‘poignant’ എന്ന പദവും ടീച്ചര്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ‘തീവ്രമായ’ എന്ന് അര്‍ഥം വരുന്ന പദം ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഉപയോഗിച്ചതിലുള്ള ആശ്ചര്യം പങ്കുവെക്കുകയായിരുന്നു അധ്യാപകന്‍.