കാലവർഷം കേരളത്തിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ടൂ വീലർ യാത്രക്കാരെ സംബന്ധിച്ച് തീർത്തും ബുദ്ധിമുട്ടേറിയ ദിനങ്ങളാണ് വരുന്നത്. കരുതലോടെ വാഹനം ഡ്രൈവ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും ഉൾപ്രദേശങ്ങളിലും, ഗ്രാമങ്ങളിലും ഇടറോഡുകളിലും മറ്റും ‘ചെക്കിങ്’ ഇല്ല എന്ന മുൻവിധിയിൽ ഹെൽമറ്റ് ഉപയോഗിക്കാൻ പലർക്കും മടിയാണ്. കൂടുതൽ കാഴ്ച പ്രദാനം ചെയ്യുന്ന വൃത്തിയായ പ്ലെയിൻ ഗ്ലാസോടുകൂടി കൂടിയ ഗുണനിലവാരമുള്ള ഹെൽമറ്റ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.
സ്ട്രാപ്പ് ഇല്ലാത്ത ഹെൽമറ്റ്, കാണാൻ ”ഷോ” യ്ക്കു വയ്ക്കുന്ന ഹെൽമറ്റുകൾ, ഇരുണ്ട ഗ്ലാസോടു കൂടിയ ഹെൽമറ്റുകൾ എന്നിവ കണിശമായും മഴക്കാലത്ത് ഉപയോഗിക്കരുത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…..
- വാഹനത്തിന്റെ ടയർ പരിശോധിക്കുക. തെന്നിക്കിടക്കുന്ന റോഡുകളിൽ ബ്രേക്ക് ചെയ്താൽ, നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്തു നിൽക്കണമെങ്കിൽ ടയർ മികച്ചതാവണം. സാമ്പത്തിക ബാധ്യത മൂലം മാസങ്ങളായി മാറ്റാൻ പറ്റാത്ത ടയറുകളുമായി അപകടം ക്ഷണിച്ചു വരുത്തരുത്.
2. വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക. ബ്രേക്ക് ലൈനറുകൾ മാറാനുണ്ടെങ്കിൽ മാറ്റിയിടുക. മഴക്കാലത്ത് മുന്നിലെയും പിന്നിലെയും ബ്രേക്ക് ഒരുമിച്ചു പ്രയോഗിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. വാഹനം ‘സ്‌കിഡ്’ ചെയ്യുന്നത് ഒരു പരിധി വരെ ഇതിലൂടെ നിയന്ത്രിക്കാം.
- ഹെഡ് ലൈറ്റ് പരിശോധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഒരു കാരണവശാലും ഉപയോഗിക്കരുത്. എതിർവശത്തെ വാഹനത്തിന്റെ ഡ്രൈവറും റോഡ് ശരിയായി കണ്ടാൽ മാത്രമേ അപകടങ്ങൾ ഒഴിവാകുകയുള്ളൂ. ഹെഡ് ലൈറ്റ് ഇടയ്ക്കിടെ ‘ഡിപ്’ ചെയ്ത് ശ്രദ്ധ കൂട്ടുക.
- ഇൻഡിക്കേറ്ററുകൾ കൃത്യമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ശരിയായ ബസറുകളുടെ ഉപയോഗം, ഇൻഡിക്കേറ്ററുകളുടെ ആവശ്യത്തിനുശേഷം അത് ഓഫ് ചെയ്യുവാൻ നമ്മളെ ഓർമിപ്പിക്കുന്നു
5. രാത്രിയിൽ മറ്റ് വാഹനങ്ങൾ ശ്രദ്ധിക്കുവാനായി ടൂ വീലേഴ്‌സിന്റെ ബ്രേക്ക് ലാംപിലും മറ്റുമുള്ള ‘കടന്നുകയറ്റങ്ങൾ” ഒഴിവാക്കേണ്ടതാണ്. ലൈറ്റിൽ പ്രതിഫലിക്കുന്ന റിഫ്‌ലക്ടീവ് സ്റ്റിക്കറുകൾ, വാഹനത്തിന്റെ പിറകുവശത്തും ഹെൽമറ്റിന്റെ പിറകിലും മറ്റും ഒട്ടിച്ച് സുരക്ഷ വർധിപ്പിക്കാവുന്നതാണ്.

