വ്യാജരേഖ കേസ്: പ്രതി കെ. വിദ്യ എവിടെയെന്ന് കണ്ടെത്താനാവാതെ പോലീസ്‌

തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ പ്രതിയായ വ്യാജരേഖ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും പോലീസിന് വിദ്യ എവിടെയെന്ന് കണ്ടെത്താനായില്ല. മഹാരാജാസില്‍ നിന്ന് 2018- 19 കാലയളവില്‍ കിട്ടിയ ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന്റെ പ്രോജക്ട് സര്‍ട്ടിഫിക്കറ്റാണ് വ്യാജരേഖയുണ്ടാക്കാന്‍ കെ വിദ്യ ഉപയോഗിച്ചതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം, വ്യാജ രേഖയുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ. വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ മഹാരാജസ് കോളേജിനെ തിങ്കളാഴ്ച രേഖാമൂലം ബന്ധപ്പെടുകയും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ അന്ന് വൈകീട്ട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാന്‍ ശ്രമിച്ചതില്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തു. എന്നാല്‍, പ്രതിയായ കെ. വിദ്യ എവിടെ എന്നതില്‍ ഒരു സൂചനയും നിലവില്‍ പൊലീസിനില്ല. വ്യാജ രേഖയുടെ കോപ്പിയാണ് നിലവില്‍ പൊലീസിന്റെ കൈയ്യിലുള്ളത്. പ്രതി ഉണ്ടാക്കിയ അസ്സല്‍ പകര്‍പ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് കോടതിയില്‍ ദുര്‍ബലമാകും.

മഹാരാജാസില്‍ എം ഫില്‍ പഠനത്തിനിടെ ചെയ്ത പ്രൊജക്ട് സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലുമാണ് വ്യാജ രേഖയിലേക്ക് വിദ്യ പകര്‍ത്തിയതെന്ന വിവരവും ഇപ്പോള്‍ പുറത്ത് വന്നു. അന്ന് വൈസ് പ്രിന്‍സിപ്പലായിരുന്ന ജയമോള്‍ വി കെയുടെ ഒപ്പും സീലിനുമൊപ്പം ലെറ്റര്‍ പാഡിലുള്ള കോളേജ് എംബ്ലവും കൂട്ടിചേര്‍ത്താണ് വ്യാജ രേഖ ഉണ്ടാക്കിയത്. കാസര്‍കോട് കരിന്തളം കോളേജിലെത്തിയപ്പോഴാണ് വ്യാജ രേഖ ആദ്യം ഉപയോഗിച്ചത്.