കണ്ണൂർ: വ്യാജരേഖ ചമച്ച കേസിൽ വിദ്യ ചെയ്തത് തെറ്റെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ജോലി നേടാൻ തെറ്റായ വഴിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറ്റവാളിയെ സംരക്ഷിക്കാൻ ആരും ശ്രമിച്ചിട്ടില്ല. എന്തടിസ്ഥാനത്തിലാണ് വിദ്യയെ എസ് എഫ് ഐ നേതാവെന്ന് പറയുന്നതെന്നാണ് ജയരാജന്റെ ചോദ്യം. എസ് എഫ് ഐയെ ആക്രമിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ഒന്നുമല്ലാത്തൊരാളെ നിങ്ങൾ എസ് എഫ് ഐ നേതാവാക്കല്ലേ. എന്തിനാ ഇങ്ങനെ കള്ളം പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തങ്ങളോടൊപ്പം ആരൊക്കെ ഫോട്ടോയെടുക്കുന്നുണ്ട്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴും, ട്രെയിനിൽ കിടക്കുമ്പോഴുമൊക്കെ ഫോട്ടോയെടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോളേജിന്റെ പ്രിൻസിപ്പൽ തന്നെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്. മഹാരാജാസ് പോലൊരു കോളേജിൽ ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്. അതിനെക്കുറിച്ച് പരിശോധന നടത്തുന്നണ്ടെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

