കൊച്ചി: സംവിധായകന്‍ നജീം കോയ താമസിച്ച ഹോട്ടല്‍മുറിയില്‍ നടത്തിയ എക്‌സൈസ് പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് ഫെഫ്ക. നിയമപരമായ ഒരു പരിശോധനയ്ക്കും തങ്ങള്‍ എതിരല്ലെന്നും എന്നാല്‍, എക്സൈസിന്റെ ഇപ്പോഴത്തെ നടപടി സംശയകരമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി സംവിധായകന്‍ നജീം കോയ താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്‌സൈസ് റെയ്ഡ് നടത്തിയത്.
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ നടന്‍ ടിനി ടോമിന്റെ മൊഴിയെടുക്കാന്‍ എക്‌സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ബി ഉണ്ണികൃഷ്ണന്‍ ചോദിച്ചു. ‘ടിനി ടോം എക്‌സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ്. ഈ ഏജന്‍സി ഇതുവരെ ടിനി ടോമിനെ വിളിപ്പിച്ചോ? നജീം കോയയെ പരിശോധിക്കാന്‍ തിരുവനന്തപുരത്തുനിന്ന് ഈരാറ്റുപേട്ട വരെ വരാന്‍ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ടിനി ടോമിന്റെ മൊഴി ഇതുവരെ എടുത്തില്ല? ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്. ടിനി ടോം എക്‌സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാണ്. എക്‌സൈസ് വകുപ്പ് ചോദിക്കണ്ടേ ബ്രാന്‍ഡ് അംബാസിഡറോട്? അതെന്താണ് ചെയ്യാത്തത്? ഒരു പ്രസ്താവന നടത്തുമ്‌ബോള്‍ അതിന് ഉത്തരവാദിത്തം വേണം. നിയമപരമായ പരിശോധനകള്‍ക്ക് തങ്ങള്‍ എതിരല്ല. എന്നാല്‍ ഒരാള്‍ താമസിക്കുന്ന സ്ഥലത്ത് ഇത്രയുംപേര്‍ ഒരുമിച്ചെത്തി ഒരുമുറിമാത്രം പരിശോധിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയമുണ്ട്. ഷാഡോ പൊലീസിനെ വച്ചാല്‍ ക്രൂവിന് തിരിച്ചറിയാന്‍ കഴിയും. സിനിമാ മേഖലയെ മുഴുവന്‍ സമയ നിരീക്ഷണത്തില്‍ നിറുത്തുന്നത് എതിര്‍ക്കും. ഷാഡോ പൊലീസ് സിനിമാസെറ്റില്‍ വേണ്ട’- അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
