പാലക്കാട്: പി കെ ശശിയോട് വിശദീകരണം തേടാൻ സിപിഎം. പാർട്ടി ഫണ്ടിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടുന്നത്.
ശശിയുടെ വിശദീകരണം ലഭിച്ചതിനുശേഷമായിരിക്കും വിഷയത്തിൽ നടപടികൾ സ്വീകരിക്കുക. ശശിക്കെതിരെ അന്വേഷണ കമ്മീഷൻ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം തേടാൻ സിപിഎം തീരുമാനിച്ചത്.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പി കെ ശശിയ്ക്ക് എതിരെ ആദ്യം ഉയർന്ന ആരോപണം. 5 കോടി 49 ലക്ഷം രൂപയാണ് വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് ഓഹരിയായി സമാഹരിച്ചത്. പാർട്ടി അറിയാതെയായിരുന്ന ധനസമാഹരണം. പിന്നീടും ഇദ്ദേഹത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചു. മണ്ണാർക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സൽ കോളേജിനു വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന ആരോപണവും പി കെ ശശിക്കെതിരെയുണ്ട്.

