വ്യാജ പ്രവൃത്തി പരിചയ രേഖ; കെ വിദ്യക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കാലടി സർവകലാശാല

കൊച്ചി: വ്യാജ പ്രവൃത്തി പരിചയ രേഖ സമർപ്പിച്ച് അട്ടപ്പാടി കോളേജിൽ ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കാലടി സർവകലാശാലയിലെ മലയാളം വിഭാഗം. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. സംവരണം അട്ടിമറിച്ചാണ് കാലടി സർവ്വകലാശാലയിൽ ഗവേഷണത്തിന് വിദ്യ പ്രവേശനം നേടിയതെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കാലടി സർവകാലാശാല രംഗത്തെത്തിയത്. 2020 ലാണ് വിദ്യ റെഗുലർ പി എച്ച് ഡി തുടങ്ങിയത്. പിന്നീട് അടുത്തവർഷം പാർട്ട് ടൈമിലേക്ക് മാറി.

പി എച്ച് ഡി സ്‌റ്റൈപ്പൻഡും കോളേജിലെ ശമ്പളവും വിദ്യ ഒരുമിച്ച് കൈപ്പറ്റിയിട്ടില്ലെന്നും ഗൈഡ് ബിച്ചു എക്‌സ് മലയിൽ വ്യക്തമാക്കിയിരുന്നു. കാലടി സർവ്വകലാശാലയിൽ കെ വിദ്യ പി എച്ച് ഡി പ്രവേശനം നേടിയത് എസ് സി എസ് ടി സംവരണം അട്ടിമറിച്ചെന്ന ആരോപണം ഉയർന്നിരുന്നു. വിദ്യയ്ക്ക് വേണ്ടി വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടെന്നും സംവരണ ചട്ടങ്ങൾ ലംഘിച്ചാണ് നടപടിയെന്നും ആരോപിച്ച് അംബേദ്കർ സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്ററും കാലടി സർവ്വകലാശാല വിദ്യാർത്ഥിയുമായ ദിനു വെയിൽ ആണ് 2019ൽ പരാതി നൽകിയിരുന്നത്.

എസ് സി എസ് ടി സെൽ ആരോപണം ശരിവെച്ച് സർവ്വകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയിട്ടും അത് പരിഗണിക്കാതെ ആണ് വിദ്യയുടെ പ്രവേശന നടപടികളുമായി വിസി മുന്നോട്ട് പോയതെന്നും ദിനു വെയിൽ കൂട്ടിച്ചേർത്തു.