ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ മുൻനിരയിൽ പ്രിയങ്ക ഗാന്ധി ഉണ്ടാകുമെന്ന് റിപ്പോർട്ട്. പാർട്ടിയിൽ പ്രിയങ്ക ഗാന്ധിയ്ക്ക് വലിയ ചുമതലകൾ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നാണ് വിവരം.
നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. യുഎസ് പര്യടനം കഴിഞ്ഞ് രാഹുൽ ഗാന്ധി മടങ്ങിയെത്തിയ ശേഷമേ പ്രിയങ്കയുടെ കാര്യം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂവെന്നാണ് സൂചന.
ഹിമാചൽ പ്രദേശ്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രിയങ്കാ ഗാന്ധി മുൻനിരയിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ പ്രിയങ്കഗാന്ധി പ്രചാരണത്തിനായി മുൻപന്തിയിൽ ഉണ്ടാകുമെന്നാണ് വിവരം. ഹിമാചൽ പ്രദേശിലെയും കർണാടകയിലെയും വിജയം കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. പ്രിയങ്കയുടെ സാന്നിധ്യം തുടർവിജയം സമ്മാനിക്കുമെന്ന് കോൺഗ്രസ് കണക്കാക്കുന്നത്.

