‘എനിക്ക് ലഭിച്ച അവാര്‍ഡുകളില്‍ ഞാന്‍ അഭിമാനിക്കുന്നില്ല’: നടന്‍ നസ്‌റുദ്ദീന്‍ ഷാ

വാണിജ്യ സിനിമകളില്‍ ജോലി ചെയ്യുന്നതിനൊപ്പം സമാന്തര സിനിമയുടെ ഭാഗമാകുന്നതിലും നടന്‍ നസ്‌റുദ്ദീന്‍ ഷാ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി തനിക്ക് ലഭിച്ച അവാര്‍ഡുകളോടുള്ള തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍.

‘പുരസ്‌കാരങ്ങളില്‍ ഒന്നും ഒരു കാര്യവുമില്ല. തുടക്കത്തില്‍ പുരസ്‌കാരത്തിന് അര്‍ഹനാകുമ്‌ബോള്‍ സന്തോഷമെല്ലാം തോന്നിയിരുന്നു. പിന്നീട് ആ ആവേശവും കൗതുകവുമെല്ലാം നഷ്ടപ്പെട്ടു. എനിക്ക് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌കാരം ശുചിമുറിയുടെ വാതിലിന്റെ പിടിയായി ഉപയോഗിക്കുന്നു. ഒരു വേഷം അവതരിപ്പിക്കാന്‍ ജീവിതം തന്നെ സമര്‍പ്പിക്കുന്ന ഏതൊരു നടനും നല്ല നടനാണ്. ഒരു നറുക്കെടുപ്പ് നടത്തി ഒരാളെ തെരഞ്ഞെടുത്ത് ‘ഇയാളാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച നടന്‍’ എന്ന് പറഞ്ഞാല്‍, അത് എങ്ങനെ ന്യായമാകും. എനിക്ക് ലഭിച്ച അവാര്‍ഡുകളില്‍ ഒന്നും ഞാന്‍ അഭിമാനിക്കുന്നില്ല. അവസാനം കിട്ടിയ രണ്ട് പുരസ്‌കാരങ്ങള്‍ വാങ്ങാന്‍ പോലും ഞാന്‍ പോയിട്ടില്ല. ഈ ട്രോഫികളിലൊന്നും ഒരു മൂല്യവും ഞാന്‍ കാണുന്നില്ല. പുരസ്‌കാരങ്ങള്‍ ലഭിയ്ക്കുമ്‌ബോള്‍ കരിയറിന്റെ തുടക്കകാലത്ത് സന്തോഷിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ ട്രോഫികള്‍ ചുറ്റും നിറയാന്‍ തുടങ്ങി. ഇതൊക്കെ ഒരുതരം ലോബിയിങ്ങിന്റെ ഫലമാണെന്ന് പതിയെ മനസിലാവാന്‍ തുടങ്ങി. ഒരു ഫാം ഹൗസ് പണിതിരുന്നു. അതിന്റെ ശുചിമുറിയുടെ വാതിലിന്റെ പിടിയായി എനിക്ക് ഫിലിം ഫെയറിന് ലഭിച്ച രണ്ട് പുരസ്‌കാരങ്ങളാണ് ഉപയോഗിച്ചത്. അവിടെ വന്ന് ശുചിമുറിയില്‍ പോകുന്നയാള്‍ക്ക് രണ്ട് അവാര്‍ഡുകള്‍ വീതം ലഭിക്കും. കാരണം ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ കൊണ്ടാണതിന്റെ വാതിലിന്റെ കൈപ്പിടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരാള്‍ക്ക് അയാളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത്. പദ്മശ്രീയും പദ്മഭൂഷണും ലഭിച്ചപ്പോള്‍ പോലും എന്റെ ജോലിയേക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെട്ടിരുന്നു, ഈ ജോലി നീ ചെയ്യുകയാണെങ്കില്‍ നീയൊരു വിഡ്ഢിയായിത്തീരുമെന്ന് പറഞ്ഞ പിതാവിനെയാണ് ഞാനോര്‍ത്തത്’- അദ്ദേഹം പറഞ്ഞു.