ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്‌തെന്ന് റിപ്പോർട്ട്. ബ്രിജ് ഭൂഷണെ രണ്ടുതവണ ചോദ്യം ചെയ്‌തെന്നാണ് പുറത്തു വരുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇരുന്നൂറോളം വ്യക്തികളെ ചോദ്യം ചെയ്‌തെന്നാണ് റിപ്പോർട്ട്.
കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കും. ചോദ്യം ചെയ്യലിന്റെയും അന്വേഷണത്തിലെ കണ്ടെത്തലുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയായിരിക്കും റിപ്പോർട്ട് സമർപ്പിക്കുന്നത്. 7 വനിതാ താരങ്ങളാണ് ബ്രിജ് ഭീഷനെതിരെ പരാതി നൽകിയത്. ഏപ്രിൽ 29 നാണ് വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
കേസിൽ ഇതുവരെ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ ഡൽഹിയിൽ പ്രതിഷേധം നടത്തുകയാണ്.

