ഗസ്റ്റ് അധ്യാപികയാകാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി; കെ വിദ്യക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ഗസ്റ്റ് അധ്യാപികയാകാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കെ. വിദ്യക്കെതിരെ കേസെടുത്ത് എറണാകുളം സെൻട്രൽ പോലീസ്. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ അഭിമുഖത്തിന് എത്തിയപ്പോഴാണ് വിദ്യ വ്യാജരേഖ ഹാജരാക്കിയത്. മഹാരാജാസ് കോളേജിൽ നേരത്തെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള രേഖയായിരുന്നു വിദ്യ നൽകിയിരുന്നത്. രേഖയിൽ സംശയം തോന്നിയ കോളേജ് അധികൃതർ മഹാരാജാസ് കോളേജിനെ വിവരം അറിയച്ചതോടെയാണ് സംഭവം പുറത്തായത്. മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർഥിയാണ് വിദ്യ.

വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് ഐപിസി 471, 465 എന്നീ വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യം നടന്നത് എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ അല്ലാത്തതിനാൽ അട്ടപ്പാടി, കാസർകോട് എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലേക്ക് അന്വേഷണം കൈമാറുമെന്ന് എറണാകുളം സെൻട്രൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റിലെ കോളേജിന്റെ ലോഗോ, സീൽ എന്നിവയെല്ലാം വ്യാജമാണ്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ജോയി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കോളേജ് യൂണിയൻ ഭാരവാഹിയായിരുന്ന ദിവ്യ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ അടുത്ത സുഹൃത്താണെന്നും അത്തരത്തിലുള്ള ബന്ധം ഉപയോഗിച്ചാണ് വ്യാജരേഖ ചമച്ചതെന്ന തരത്തിലുള്ള ആരോപണം ഉയരുന്നുണ്ട്.